Friday, May 18, 2007

ബ്രോക്കര്‍മാരില്‍ കഴുകന്മാര്‍

നിങ്ങള്‍ വീടോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരു എന്‍.ആര്‍.കെ ആണോ എങ്കില്‍ തീര്‍ച്ചയായും വായിക്കുക.
ഒരു സാങ്കല്‍പിക സിറ്റുവേഷന്‍: നിങ്ങള്‍ ലോകത്തിന്റെ ഒരു കോണില്‍ നിന്നും നിങ്ങള്‍ സ്നേഹിക്കുന്ന കേരളത്തെക്കാണാന്‍, ഇവിടെ ഒരു തുണ്ടു ഭൂമി വാങ്ങാന്‍ കൊതിച്ചെത്തുന്നു. അതിനു സഹായിക്കാന്‍ തയ്യാറായ വിശ്വസ്തനായ ഒരാളെ നിങ്ങള്‍ ഏല്‍പിക്കുന്നു. എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്‌:
നിങ്ങള്‍ കണ്ടെത്തിയ ആള്‍ വിശ്വസ്തനാണെന്നു തന്നെ ഇരിക്കട്ടെ. എങ്കില്‍ അയാള്‍ ചെന്നു പെടുന്നതു ഒരു ബ്രോക്കറുടെ കയ്യില്‍ ആയിരിക്കാം.
അല്ലെങ്കില്‍ നിമിഷനേരം മതി നിങ്ങളുടെ സുഹ്രുത്തിനും ഒരു ബ്രോക്കര്‍ ആവാന്‍. ഒരു പരീക്ഷയും പാസ്സാവേണ്ട.

ഒാര്‍മയിരിക്കട്ടെ, ഏപ്പോഴും കൂടിയ വിലക്ക്‌ സ്ഥലം വില്‍ക്കപ്പെടുന്നതായിരിക്കും ബ്രോക്കര്‍ക്ക്‌ ലാഭം. കാരണം വില കൂടിയാല്‍ കമ്മീഷനും കൂടുമല്ലോ.

അയാള്‍ ആദ്യമായി നിങ്ങളോട്‌ ചോദിക്കുന്നത്‌ "സാറിന്റെ ബഡ്ജറ്റ്‌ എത്രയാ"ണെന്നായിരിക്കും.

ഇത്‌ ഒന്നാം ട്രാപ്പ്‌. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടത്‌ നിങ്ങള്‍ക്കാവശ്യമുള്ള സ്ഥലത്തിന്റെ അളവു പറയുകയാണ്‌. ആതായത്‌ അഞ്ചു സെന്റ്‌ അല്ലെങ്കില്‍ പത്തു സെന്റ്‌ അല്ലെങ്കില്‍ അഞ്ചേക്കര്‍(നിങ്ങളും മറുനാട്ടില്‍ ഒരു ബ്രോക്കര്‍ ആണോ? :). നിങ്ങളുടെ ബഡ്ജറ്റ്‌ വെളിപ്പെടുത്തിയാല്‍, ഇനി അയാള്‍ പോയി നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച ഏറ്റവും ചെറിയ പ്ലോട്ടു കണ്ടു പിടിക്കും. നിങ്ങള്‍ക്കു വില്‍ക്കും.

എന്നാല്‍ തന്നേയും ബഡ്ജറ്റ്‌ അറിയാതെങ്ങിനെയാണെന്നു വിലപിക്കും. വീഴരുത്‌.

ട്രാപ്‌ നമ്പര്‍ 2, നിങ്ങളുടെ ബഡ്ജറ്റ്‌ അറിയാനുള്ള നമ്പരുകള്‍ ഒാരോന്നായി ഇറക്കുന്നു.

സാര്‍ നമ്മുടെ ബസ്റ്റോപ്പിനടുത്തു കിടക്കുന്ന അരയേക്കര്‍ സ്ഥലം കൊടുക്കാനുണ്ട്‌ നോക്കുന്നോ?

അപ്പോള്‍ നിങ്ങള്‍: എന്തു വില വരും?
അയാള്‍: വിലയല്‍പം കൂടുതലാണു സാറെ, .....വില വരും.

നിങ്ങള്‍: അതു നമുക്കു പറ്റില്ല.(നിങ്ങള്‍ പകുതി ഇവിടെ വീണു, ഇനി അല്‍പം കൂടി... കാരണം നിങ്ങളുടെ അപ്പര്‍ ലിമിറ്റ്‌ നിങ്ങള്‍ വെളിപ്പെടുത്തി)

അടുത്തത്‌ നിങ്ങള്‍ക്ക്‌ ഉത്തമമെന്നു തോന്നുന്ന ഒരു ചെറിയ പ്ലോട്ട്‌ ആയിരിക്കും. ഇതോടെ പൂര്‍ത്തിയായി. ഇത്‌ നിങ്ങള്‍ക്കു പറ്റിയ പ്ലോട്ട്‌. വാങ്ങിക്കാമെന്നു പറഞ്ഞാല്‍, നിങ്ങളോട്‌ അയാള്‍ പറയും നാളെ വിവരം അറിയിക്കാമെന്ന്. അടുത്ത ദിവസം വന്നിട്ടു പറയുന്നു ഒരു ദിവസം മുന്‍പ്‌ ആധാരം കഴിഞ്ഞു എന്ന്. ഇങ്ങനെ പല പ്ലോട്ടുകള്‍ അവതരിപ്പിച്ച്‌ നിങ്ങളുടെ ബഡ്ജറ്റ്‌ അയാള്‍ കണ്ടെത്തും. മേല്‍പറഞ്ഞ വസ്തുക്കളുടെ ഉടമസ്ഥന്മാര്‍ സ്വപ്നത്തില്‍പ്പോലും അവരുടെ സ്ഥലം വില്‍ക്കാന്‍ ആലോചിച്ചിട്ടുണ്ടാവില്ല. ഇവയെല്ലാം വിറ്റു പോയെന്ന് കേട്ടത്‌ നിങ്ങള്‍ കേട്ടിട്ടുള്ളതിന്റെ ഇരട്ടി വിലയ്ക്കും.
അപ്പോഴേക്കും നിങ്ങളുടെ അവധിയുടെ സിംഹഭാഗവും കഴിഞ്ഞിരിക്കും. നിങ്ങളുടെ റ്റെന്‍ഷന്‍ ചരടുകള്‍ മുറുകിത്തുടങ്ങുന്നു.[ഇവിടെ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌, ഏതു സ്ഥലവും വില്‍ക്കാനുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥനെ കാണണമെന്നു ശഠിക്കുക. ഉടമസ്ഥനോടു മാത്രം വില ചോദിക്കുക. അങ്ങനെ ശഠിച്ചാല്‍ തന്നെ 3-ാ‍ം ട്രാപ്പില്‍ വീഴാതെ സൂക്ഷിക്കുക.]
3-ാ‍ം ട്രാപ്പ്‌: ഇവിടെ ബ്രോക്കര്‍ ഒരു കള്ള ഉടമസ്ഥനെ അവതരിപ്പിക്കാന്‍ സാധ്യത ഉണ്ട്‌. അതു കൊണ്ട്‌ ഉടമസ്ഥനോട്‌ സ്ഥലത്തിന്റെ ആധാരം ഉള്‍പ്പെടെയുള്ള ഒറിജിനല്‍ കടലാസുകള്‍ കാണിക്കാന്‍ ആവശ്യപ്പെടുക. ഇവിടെ നാലാം ട്രാപ്പില്‍ പെടാതെ സൂക്ഷിക്കുക.

4-ാ‍ം ട്രാപ്പ്‌: നിങ്ങള്‍ ഒരു നേരേ വാ നേരെ പോ കക്ഷിയാണെങ്കില്‍ പലപ്പൊഴും ഇത്തരം കാര്യങ്ങള്‍ ചോദിക്കാന്‍ മടിക്കും. കാരണം നിങ്ങള്‍ ആദ്യം ഏല്‍പ്പിച്ച വിശ്വസ്തനും(ബന്ധു) മറ്റും അതില്‍ വലിയ താല്‍പര്യം കാണില്ല. അതൊക്കെ അവരുടെ ഇമേജിനെ ബാധിക്കുന്നതാകാം.
ഇവിടെ നിങ്ങള്‍ ഒരു നമ്പര്‍ ഇറക്കിയേ പറ്റൂ. അതിലൂടെ ആര്‍ക്കും ദ്രോഹമില്ലെങ്കിലോ?
നിങ്ങള്‍ കുറച്ചു ബാങ്ക്‌ ലോണ്‍ എടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും അതിനാലാണ്‌ കടലാസുകള്‍ കാണേണ്ടിയതെന്നും പറയുക.
ഇങ്ങനെ അയാള്‍(ബ്ബ്രോക്കര്‍) നിങ്ങളുടെ ബഡ്ജറ്റ്‌ കണ്ടെത്തിയാല്‍ അടുത്തതായി നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു വേണ്ടിയ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു കണ്ടെത്താനായി അടുത്ത ശ്രമം. അതിനു വേണ്ടിയ ചോദ്യാവലി അദ്ദേഹത്തിന്റെ കയ്യില്‍ സ്റ്റോക്കുണ്ടാവും. അതിനുശേഷം അയാള്‍ സമര്‍ത്ഥനാണെങ്കില്‍ ഒരു സ്ഥലം നിങ്ങളെ കാണിച്ചതിനു ശേഷം നിങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടാല്‍ അതിന്റെ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അയാള്‍ വാങ്ങിക്കുന്നതായി ഒരു എഗ്രിമെന്റ്‌ ഉണ്ടാക്കുകയായിരിക്കും ചെയ്യുന്നത്‌. അതിനു വേണ്ടി അയാള്‍ ഉടമസ്ഥനുമായി ഒരു എഗ്രിമെന്റ്‌ കഴിയുന്നതും ചെറിയ ഒരു അഡ്വാന്‍സിന്മേല്‍ ഉണ്ടാക്കി വയ്ക്കും. ഇപ്പോള്‍ താങ്കള്‍ക്കിഷ്‌ടപ്പെട്ട സ്ഥലം ബ്രോക്കറുടേതായിക്കഴിഞ്ഞു.ഇനി കഥ ക്ലൈമാക്സിലേക്കു എത്തുകയായി. നിങ്ങള്‍ക്കു തിരിച്ചുപോകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. അപ്പ്പ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌ മാര്‍ക്കറ്റിന്റെ കയറ്റിറക്കങ്ങളേക്കുറിച്ചുള്ള പത്ര വാര്‍ത്തകള്‍(അതിന്‌ ഇറക്കങ്ങളെക്കുറിച്ചെന്തു പത്രവാര്‍ത്ത! ബീ പോസിറ്റിവ്‌) കോര്‍ത്തിണക്കി അദ്ദേഹം സ്ഥലം തന്റെ ഒരു സുഹ്രുത്ത്‌ വാങ്ങിച്ചിട്ടിരിക്കുകയാണെന്നും വില വര്‍ദ്ധിച്ചതിനാല്‍ ഇപ്പോള്‍ ഒരു ഉയര്‍ന്ന വിലയ്ക്കേ വില്‍ക്കുകയുള്ളു എന്ന് പറയുന്നു. ഉദാ: ഉടമസ്തന്‍ അയാള്‍ക്കു സെന്റിനു 1000 രൂപയ്ക്കു കൊടുക്കാമെന്നു എഗ്രിമെന്റ്‌ വച്ച സ്ഥലം നിങ്ങള്‍ക്കു 1500 നു തരാമെന്നു പറയുന്നു. ഇതിനു ബ്ബ്രോക്കര്‍മാരുടെ ഭാഷയില്‍ "തലേക്കെട്ട്‌" എന്നു വിളിക്കും. നിങ്ങള്‍ സമ്മതിച്ചാല്‍ തന്റേതല്ലാത്ത സ്ഥലം വിറ്റ വകയില്‍ ബ്രോക്കര്‍ക്ക്‌ കോടികള്‍. സാധാരണ വില്‍പനയ്ക്കു ലഭിക്കുന്ന കമ്മീഷന്‍ എവിടെ! തലേക്കെട്ടെവിടെ!
തിരിച്ചു പോകുന്നതിനു മുന്‍പ്‌ എന്തെങ്കിലും കാട്ടിക്കൂട്ടാനുള്ള വ്യഗ്രതയില്‍ നിങ്ങള്‍ പലപ്പോഴും ഇതില്‍ വീണു പോകും. ഇനി അധവാ വീണില്ലെങ്കില്‍ ബ്രോക്കര്‍ക്ക്‌ നഷ്‌ടപ്പെടാനുള്ളതു വെറും അഡ്വാന്‍സ്‌ മാത്രം. നിങ്ങളെപ്പോലെ എത്രയെണ്ണം വരാനിരിക്കുന്നു!
അതുകൊണ്ട്‌ സൂക്ഷിക്കുവിന്‍ പുറവാസികളെ സൂക്ഷിക്കുവിന്‍! ഒരിക്കല്‍ പുറവാസി എന്നും പുറവാസി. അകത്തു നടക്കുന്നതൊന്നും നിങ്ങള്‍ അറിയുന്നതേ ഇല്ല. നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ വിചരിക്കുന്നതു മാത്രം നിങ്ങള്‍ അറിയുന്നു!

1 comment:

purushanpilla said...

അതുകൊണ്ട്‌ സൂക്ഷിക്കുവിന്‍ പുറവാസികളെ സൂക്ഷിക്കുവിന്‍! ഒരിക്കല്‍ പുറവാസി എന്നും പുറവാസി. അകത്തു നടക്കുന്നതൊന്നും നിങ്ങള്‍ അറിയുന്നതേ ഇല്ല. നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ വിചരിക്കുന്നതു മാത്രം നിങ്ങള്‍ അറിയുന്നു!