ആത്യന്തികമായ സത്യം എന്നൊന്നുണ്ടോ?
എന്നു വച്ചാല്‍ എന്താണ് ഉദ്ദേശിക്കുന്നത്? അതായത്, അതിനു കാരണമായി മറ്റൊന്നില്ലാത്തത്.അല്ലെങ്കില്‍ അത് മറ്റൊന്നില്‍ നിന്നും ഉണ്ടാകാത്തത്.
ആത്യന്തികമായി സത്യം തീര്‍ച്ചയായും ഉണ്ട്. അവയില്‍ ചിലത്:
എനിക്ക് അവ(നോ)ളോട് സ്നേഹം തോന്നുന്നു.
ഇത് ആ നിമിഷത്തിലെ ആത്യന്തികമായ ഒരു സത്യമാണ്.
എനിക്ക് അവ(നോ)ളോട് വെറുപ്പ് തോന്നുന്നു.
ഇതും ഒരു സത്യമാണ്.
സ്നേഹം ഉണ്ട്. ഇത് ഒരു ആത്യന്തിക സത്യമാണ്
വെറുപ്പ് ഉണ്ട്. ഇത് ഒരു ആത്യന്തിക സത്യമാണ്.
നന്മ, തിന്മ എന്നിവ ഉണ്ടോ? അതായത് വസ്തുക്കളെക്കുറിച്ചോ,പ്രവൃത്തികളെക്കുറിച്ചോ,വ്യക്തികളെക്കുറിച്ചോ നല്ലതെന്നോ ചീത്തയെന്നോ ഉണ്ടോ?
ഈ ചോദ്യത്തിനുത്തരം ആപേക്ഷികമായിരിക്കും. ചോദ്യം ചെയ്യുന്ന ആളുടെ കാഴ്ചപ്പാടിനനുസരിച്ചു വ്യത്യസ്തമായിരിക്കും.അതുകൊണ്ട് നന്മയും തിന്മയും ആത്യന്തികമായ ഒരു സത്യം അല്ല. അതായത് ഏതെങ്കിലും വ്യക്തിയോ,പ്രവൃത്തിയോ,വസ്തുവോ ആത്യന്തികമായി നല്ലതോ ചീത്തയോ എന്ന് പറയുവാന്‍ സാധ്യമല്ല. അതുകൊണ്ട് നന്മ തിന്മ എന്നിവ ഇല്ല.
എനിക്കറിയാം, നിങ്ങള്‍ വിയോജിക്കുന്നു. അല്ലേ?
ശരി ഒരു ഉദാ:
നിങ്ങള്‍ പറയുന്നു. ഒതളങ്ങ നല്ലതല്ല അതു കഴിച്ചാല്‍ മരിച്ചുപോകും. അതുകൊണ്ട് ഒതളങ്ങ ചീത്ത. ഒതളങ്ങ കഴിക്കുന്നതു തിന്മ.
ശരി, ആത്മഹത്യ ചെയ്ത ഒരാളോടു ചോദിച്ചു നോക്കൂ. (എങ്ങനെ ചോദിക്കും അല്ലേ?) അയാള്‍ക്ക് ആ ശപിക്കപ്പെട്ട(നിങ്ങളുടെ ഭാഷയില്‍) നിമിഷത്തില്‍ അത് നല്ലതും കഴിച്ചതു നന്മക്കുമായിരുന്നു. അതു കൊണ്ട് നന്മ,തിന്മകള്‍ ആപേക്ഷികമാണ്.
എന്നാലും എന്റെ സുഹ്രുത്തെ ഒരാള്‍ക്ക് ഒരു ഉപകാരം ചെയ്യുന്നത് നന്മയോ അതൊ തിന്മയോ?
അത് ചെയ്യുന്ന വ്യക്തിയുടെ കാഴ്ചപ്പാടനുസരിച്ച് ഇരിക്കും. നമ്മുടെ സമൂഹം ചിലതിനെയൊക്കെ നല്ലതായും മറ്റു ചിലതിനെ ചീത്തയായും കാണുന്നു. നമ്മള്‍ പലപ്പൊഴും അതിനോടു യോജിക്കുന്നു.
ഇറാക്കിനെ ആക്രമിക്കുന്നത് അവരുടെ നന്മയ്കു വേണ്ടിയെന്നു ചിലര്‍. നിങ്ങള്‍ യോജിക്കുന്നുവോ?
ദൈവം ഉണ്ടോ?
ശരി, ദൈവം എന്നു പറയുന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
അതായത്, എല്ലാസ്ഥലത്തും ഒരേ സമയത്ത് ഉള്ളതും എല്ലാത്തിനേക്കാളും ശക്തിയുള്ളതും മരണമില്ലാത്തതും ആയ എന്തോ അത്! (മിക്കവാറും ദൈവവിശ്വാസം ഉള്ള മതങ്ങളില്‍ എല്ലാം പൊതുവായിട്ട് ദൈവത്തിനു കൊടുത്തിട്ടുള്ള ഗുണഗണങ്ങളില്‍ നിന്നുണ്ടാക്കിയ ഒരു നിര്‍വചനമാണിത്)
എന്റെ സുഹ്രുത്തെ, അങ്ങനെ ഒന്നുണ്ടെങ്കില്‍ അതുണ്ടെന്നു തെളിയിക്കാന്‍ ഒരുസ്ഥലത്തു മാത്രമുള്ളതും, പലതിനേക്കാളും ശക്തി കുറഞ്ഞതും മരണമുള്ളവ(നു)ളുമായ നിങ്ങള്‍ക്കു കഴിയില്ല.
എന്നാരു പറഞ്ഞു? ശരി, എന്തായാലും, എനിക്കു കാണുവാനോ മനസിലാക്കുവാനോ സാധിക്കാത്ത ഒന്നില്‍ എനിക്കു വിശ്വാസമില്ല.
ശരി, സുഹ്രുത്തേ, നിങ്ങള്‍ക്കു കാണുവാനോ മനസ്സിലാക്കുവാനോ സാധിക്കാത്ത ഒന്നും ഇല്ല എന്നു നിങ്ങള്‍ കരുതുന്നുണ്ടോ?
അതില്ല! പക്ഷേ അതുകൊണ്ട് ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പായി പറയാന്‍ സാധിക്കില്ല!
എല്ലാം ദൈവമാണെന്നു പറഞ്ഞാലോ?
അങ്ങനെയാണെങ്കില്‍ പിന്നെ ഈ ലോകത്തില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ലല്ലോ! എല്ലാം ഒന്നാണെങ്കില്‍! ഒാരോ വ്യക്തിയും സ്വതന്ത്രനും മറ്റൊരാളുമായി വ്യത്യസ്ഥനും ആണല്ലോ. പിന്നെങ്ങനെ ഒന്നാകും?
അപ്പോള്‍ വ്യക്തികളാണു പ്രശ്നം. അതു വ്യക്തിയുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണോ?
അതിനു മനുഷ്യന്‍ മൃഗങ്ങളെ നോക്കി പഠിക്കേണ്ടി വരും.
ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ലോകത്തുള്ളതെന്തും മാറ്റര്‍(വസ്തു), എനെര്‍ജി(ശക്തി), സ്പേയ്‌സ്(ഇടം), ടൈം(സമയം) എന്നിവയൊന്നില്‍പ്പെടുന്നവയായിരിക്കും. ഐന്‍സ്റ്റൈന്റെ ആപേക്ഷിക സിദ്ധാന്തം(റിലേറ്റിവിറ്റി തിയറി) വഴി മാറ്റര്‍ എല്ലാം എനര്‍ജിയാക്കി മാറ്റാന്‍ സാധിക്കും. അതുകൊണ്ട് അതു രണ്ടും ഒന്നാണ്. ഇനി സ്പേയ്‌സ് അധവാ ഇടം. അത് എല്ലാത്തിന്റെയും ഉള്ളിലും ഉണ്ട് പുറത്തും ഉണ്ട്. യധാര്‍ത്ഥത്തില്‍ നമ്മളുള്‍പ്പെടെയുള്ള വസ്തുക്കള്‍ സ്പേയ്‌സില്‍ നെയ്തെടുത്തിരിക്കുകയാണ്. ഒരു മുണ്ടിലെ നൂലുകള്‍ പോലെ. നൂല്‍ യധാര്‍ത്ഥവും മുണ്ട് ഒരു തോന്നലും ആണ്. അതായതു നൂലുകള്‍ ഒരു സ്പേയ്‌സില്‍(ഇടത്തില്‍) ഒരുമിച്ചിരിക്കുമ്പോള്‍ അതിനെ മുണ്ട് എന്നു വിളിക്കുന്നു. മാറ്ററിന്റെ കാര്യമെടുത്താല്‍ത്തന്നെ അതിന്റെ ഒരു ആറ്റം എടുത്താല്‍ അതില്‍ ന്യൂട്രൊണ്‍,പ്രൊട്ടൊണ്‍,ഇലക്ട്രോണ്‍ ഇവ ആറ്റത്തിന്റെ വലുപ്പത്തിന്റെ ഒരു ചെറിയ ഒരു അംശം മാത്രമായിരിക്കും. അതിന്റെ കൂടുതല്‍ ഭാഗവും സ്പേയ്‌സ്(ഇടം) തന്നെയായിരിക്കും. ഇനി എനര്‍ജിയുടെ കാര്യമാണെങ്കിലോ? ഒരു ആറ്റത്തില്‍ അതെത്രമാത്രം അടങ്ങിയിരിക്കുന്നെന്നു നമുക്കറിയാവുന്നതാണ്. ഇങ്ങനെ വിചാരിച്ചാല്‍ എല്ലാം ഒന്നാണെന്ന നിഗമനത്തിലല്ലെങ്കില്‍ എവിടെയാണെത്തുക?
ഇനി സമയത്തിന്റെ കാര്യം. നിങ്ങള്‍ കോപിക്കരുത്! അങ്ങനെ ഒന്നില്ല സുഹ്രുത്തെ!
സമയം മരണത്തില്‍ നിന്നും ജനനത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും ഉണ്ടായതാണ്. അത് മനുഷ്യന്റെ സൃഷ്ടി മാത്രം. എപ്പോഴും, എല്ലായിടത്തും ഉണ്ടായിരിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു സമയം എന്നൊന്നില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മാറ്റങ്ങളെ അളക്കുന്ന ഒന്നാണ് സമയം. എല്ലാ സ്ഥലത്തും ഉള്ളതിനു മാറ്റം ഒന്നും സംഭവിക്കുന്നില്ല. എല്ലാ സമയത്തും ഉള്ളത് ഒരിക്കലും ജനിക്കുന്നില്ല, മരിക്കുന്നുമില്ല.
ആയിരക്കണക്കിനു മനുഷ്യര്‍ ജനിക്കുകയും, മരിക്കുകയും ചെയ്യുമ്പോഴാണോ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത്?
സിമ്പിളായി പറഞ്ഞാല്‍, റേഡിയോയുടെ ഏരിയല്‍ കണ്ടിട്ടില്ലേ? നിങ്ങള്‍ ജനിച്ചത് അതിനുള്ളിലെ ഒരു കുഴല്‍ പോലെ ആണ്. അത് വേറൊന്നില്‍ നിന്നും വരുന്നു. പുതിയ ഒന്നിനെ പുറപ്പെടുവിക്കുന്നു. നിങ്ങള്‍ വന്ന സ്ഥലവും ആയി ബന്ധപ്പെട്ടിരിക്കുന്നു. സൃഷ്ടി യധാര്‍ത്ഥത്തില്‍ ആദ്യന്തമില്ലാത്ത ഒരു കാര്യമാണ്. അതില്‍ ഒരു കഷണമായ നിങ്ങളെ മാത്രം എടുത്താണ് നിങ്ങള്‍ ജനനവും, മരണവും എന്ന കുടുക്കില്‍പ്പെടുത്തിയത്.
എന്റെ സുഹ്രുത്തെ, നിങ്ങള്‍ക്കിങ്ങനെയൊക്കെപ്പറയാം. ഒരു വേര്‍പാടില്‍ നിന്നുണ്ടാവുന്ന ദു:ഖം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?
തീര്‍ച്ചയായും! നമ്മുടെ സമൂഹം ഒട്ടേറെ ധാരണകള്‍ തിരുത്താന്‍ പാടില്ലാത്തതായി കല്‍പ്പിച്ചു നല്‍കിയതു കൊണ്ടും നമ്മള്‍ ചോദ്യം ചെയ്യാതെ അവയെ സ്വീകരിക്കുന്നതുകൊണ്ടും തോന്നുന്നതാണ് ഇവയൊക്കെ.നമ്മളുടെ സ്നേഹബന്ധങ്ങളും വിശ്വാസങ്ങളും "എല്ലാം ഒന്നെന്ന" നിയമത്തില്‍ അടിസ്ഥാനപ്പെടുത്തിയല്ലെങ്കില്‍ വേര്‍പാടുകള്‍ കടുത്ത ദു:ഖങ്ങള്‍ ഉണ്ടാക്കും.